VSSC ഒരുക്കുന്ന ചാന്ദ്രദിനാഘോഷം
” മനുഷ്യന് ഒരു ചെറിയ കാൽവെപ്പ് മാനവരാശിക്ക് ഒരു വൻ കുതിച്ചുചാട്ടം ”
ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ മനുഷ്യനായ നീൽ ആംസ്ട്രോങ്ങിന്റെ വാക്കുകളാണിത്. അന്നുമുതൽ എല്ലാ വർഷവും ജൂലൈ 20 സ്വപ്നസാക്ഷാൽകാരത്തിന്റെ വാർഷികമെന്നപോലെ അന്താരാഷ്ട്ര ചാന്ദ്രദിനമായി ആചരിച്ചുവരുന്നു.
വിക്രം സാരാഭായി സ്പേസ് സെന്ററും ഈ ആഘോഷത്തിൽ പങ്കാളികളാവുകയാണ്.
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിലും വിഷയാവതരണക്ലാസ്സുകളിലും പ്രദർശനങ്ങളിലും പങ്കാളികളാകാൻ ശാസ്ത്രകുതുകികൾക്ക് ഒരവസരം.
മത്സരയിനങ്ങൾ
1. #HOME – പോസ്റ്റർ ഡിസൈനിംഗ്
ബഹിരാകാശ ജീവിതം വിഷയമാക്കി നിങ്ങളുടെ ഭാവനയിൽ ഉരുത്തിരിയുന്ന
ആശയങ്ങൾക്ക് പോസ്റ്ററിന്റെ രൂപത്തിൽ ജീവൻ നൽകാം
സ്കൂൾ വിദ്യാർഥികളെ ജൂനിയർ-സീനിയർ വിഭാഗങ്ങളിലായി തിരിച്ചായിരിക്കും മത്സരം.
3 മുതൽ 7 ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ജൂനിയർ വിഭാഗത്തിലും എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ സീനിയർ വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്.
സ്വന്തമായി വരച്ചുണ്ടാക്കിയതോ ഡിജിറ്റൽ മാർഗ്ഗത്തിലൂടെ നിർമ്മിച്ചതോ ആയ പോസ്റ്ററുകൾ പങ്കുവെക്കാവുന്നതാണ്.
ഇവ A4 സൈസിലുള്ളതായിരിക്കണം.
ഫയലുകൾ jpeg/jpg ഫോർമാറ്റിലാക്കിയതിനു ശേഷം അപ്ലോഡ് ചെയ്യുക.
ഫയൽ സൈസ് 5 MB യിൽ കൂടാൻ പാടില്ല.
2. മുദ്ര – ലോഗോ ഡിസൈനിംഗ്
ISRO യുടെ സ്വപ്ന ദൗത്യമായ ചന്ദ്രയാൻ 3 ന് ലോഗോ ഡിസൈൻ ചെയ്യാൻ നിങ്ങൾക്ക് അവസരം കിട്ടിയാലോ?
ഇതിനായി ഏറ്റവും അനുയോജ്യമായ ലോഗോ നിങ്ങൾക്ക് ഡിസൈൻ ചെയ്യാം.
ലോഗോ അപ്ലോഡ് ചെയ്യുന്നതിനൊപ്പം 500 വാക്കുകളിൽ കവിയാത്ത ഒരു ലഘു വിവരണവും ഉൾപ്പെടുത്തുക.
jpeg /jpg ഫോർമാറ്റിലുള്ള 5 mb യിൽ കൂടാത്ത ഫയലുകൾ വേണം അപ്ലോഡ് ചെയ്യാൻ.
3. മൂൺ ഷോട്സ് – ഫോട്ടോഗ്രാഫി
നിലാവ് പെയ്യുന്ന രാത്രിയിൽ തെളിഞ്ഞ മാനത്തുദിക്കുന്ന ചന്ദ്രനെ നോക്കി നിൽക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പലപ്പോഴും ഈ മനോഹര ദൃശ്യം നമ്മൾ ക്യാമറകണ്ണുകളിൽ പകർത്താറുമുണ്ട്.
ഇത്തരത്തിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാനുള്ള അവസരമാണ് ഈ ഫോട്ടോഗ്രാഫി കോണ്ടസ്റ്റ്.
ചിത്രങ്ങൾ പകർത്താനായി മൊബൈൽ ഫോണോ ക്യാമറയോ ഉപയോഗിക്കാവുന്നതാണ് .
ഫോട്ടോകൾ എഡിറ്റ് ചെയ്യാനോ ഫിൽറ്റർ ഉപയോഗിക്കാനോ പാടില്ല. യാതൊരുവിധ ഡിജിറ്റൽ ടെക്നിക്കുകളും ഇവയിൽ ഉപയോഗിചിട്ടില്ലെന്ന് ഉറപ്പ് വരുത്തുക.
ഫോട്ടോയോടൊപ്പം ഫോട്ടോയെടുത്ത സ്ഥലവും സമയവും രേഖപ്പെടുത്താൻ ശ്രദ്ധിക്കുക.
നിങ്ങളുടെ രചനകൾ ജൂലൈ 20, 2022 നകം വെബ് സൈറ്റിൽ അപ്ലോഡ് ചെയ്യുക.
സ്പേസ് എക്സിബിഷൻ
ഇന്ത്യൻ ബഹിരാകാശ സ്വപ്നങ്ങൾക്ക് ആദ്യമായി ചിറകുകൾ മുളച്ചത് തുമ്പയുടെ മണ്ണിൽനിന്നാണ്.
ബഹിരാകാശ പര്യവേഷണ രംഗത്ത് നാം ഇന്നുവരെ കൈവരിച്ച നേട്ടങ്ങളെയും നാളെയുടെ സ്വപ്നങ്ങളെയും തുമ്പ സ്പേസ് മ്യൂസിയത്തിൽ വച്ച് നടക്കുന്ന ഈ പ്രദർശനമേളയിൽ ഒരുക്കിയിരിക്കുകയാണ്.
രാവിലെ 9.30 മുതൽ 3.30 വരെയായിരിക്കും പ്രദർശന സമയം.
പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെക്കാണുന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
https://museumvisit.vssc.gov.in/MuseumVisit/
മൂൺലൈറ്റ് ടോക്ക്സ്
രാത്രികാലങ്ങളിൽ ചന്ദ്രന്റെ ഭംഗി ആസ്വദിക്കുന്നതിനോടൊപ്പം ഭൂമിയുടെ ഈ ഏക ഉപഗ്രഹത്തെ കുറിച്ച് കൂടുതലറിയാൻ കൗതുകമുണ്ടോ?
ചന്ദ്രന്റെ കാണാപ്പുറങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ മനസ്സിലുദിക്കാറുണ്ടോ?
നിങ്ങളുടെ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി പറയുന്നു
തുമ്പ സ്പേസ് മ്യൂസിയത്തിൽ ജൂലൈ 13 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന സംവാദത്തിൽ നിങ്ങൾക്കും പങ്കുചേരാം.
പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെയുള്ള വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
മൂൺ ഒഡീസി
ബഹിരാകാശഗവേഷണം എന്നത് ഇന്ത്യയെ പോലുള്ള ഒരു വികസ്വര രാജ്യത്തിനു വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ 2008 ൽ അന്നുവരെ പല വികസിത രാജ്യങ്ങൾക്കും എത്തിച്ചേരാനാകാത്ത ദൂരം താണ്ടിക്കൊണ്ട് ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ചാന്ദ്രയാൻ 1 ദൗത്യം ചന്ദ്രന്റെ മണ്ണിൽ ത്രിവർണ്ണപതാക നാട്ടിയപ്പോൾ ഭാരതത്തിന്റെ കീർത്തി പാരാകെ പടർന്നു. ഓരോ ഭാരതീയനും ആ ദിവസം അഭിമാനമാണ്.
ഒട്ടേറെ കടമ്പകൾ താണ്ടിയാണ് ഒടുവിൽ നാം വിജയത്തിലേക്ക് നടന്നടുത്തത്. ഈ യാത്രയെ കുറിച്ച്, അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച്, സങ്കീർണതകളെ കുറിച്ച് വിദഗ്ധരിൽ നിന്നും കേട്ടറിയാൻ ഒരസുലഭ അവസരം ഒരുക്കിയിരിക്കുകയാണ് VSSC.
ജൂലൈ 20ന് തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയത്തിൽ വച്ചായിരിക്കും ഈ പരിപാടി സംഘടിപ്പിക്കുന്നത്. വൈകിട്ട് 5 മണി മുതൽ 7 മണി വരെയാണ് സമയം.
പങ്കു ചേരാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക
വിശദ വിവരങ്ങൾക്കായി താഴെക്കാണുന്ന കോൺടാക്റ്റിൽ ബന്ധപ്പെടാം
ഇമെയിൽ : [email protected]
ഫോൺ : 0471 2562767