തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് നീന്തല്‍ പഠനത്തിന് ലഭിച്ചിരുന്ന ബോണസ് പോയിന്റ് നിര്‍ത്തലാക്കാന്‍ ശിപാര്‍ശ (Plus one admission:Swimming Points won’t be granted). പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ശിപാര്‍ശ സമര്‍പ്പിച്ചത്. ഇത്തരം പോയിന്റ് സമ്പ്രദായം വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നു കണ്ടതിനേത്തുടര്‍ന്നാണ് നടപടി. വിദ്യാഭ്യാസ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം തത്വത്തില്‍ അംഗീകരിച്ചിരുന്നു. സര്‍ക്കാര്‍ തലത്തിലും അംഗീകരിച്ചാല്‍ നിര്‍ദേശം നടപ്പിലാക്കും.
തട്ടേക്കാട് ബോട്ട് ദുരന്തത്തില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സാഹചര്യത്തില്‍ നീന്തല്‍ പഠനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീന്തല്‍ പഠനത്തിന് സര്‍ക്കാര്‍ ബോണസ് പോയിന്റ് നല്‍കിയത്. എന്നാല്‍ പലരും ഇത് ദുരുപയോഗം ചെയ്യുകയും വ്യക്തമായ പരിശോധന നടത്താതെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പോയിന്റ് സമ്പ്രദായം നിര്‍ത്താലാക്കാന്‍ ശ്രമിക്കുന്നത്. ഈ വര്‍ഷത്തെ പ്ലസ് വണ്‍ വിജ്ഞാപനം വരുന്നതിനുമുമ്പു തന്നെ ജില്ലാ സ്പോഴ്സ് കൗണ്‍സിലുകള്‍ ഫീസ് ഈടാക്കി നീന്തല്‍ പരിശീലനം തുടങ്ങിയിരുന്നു.
കഴിഞ്ഞ വര്‍ഷം ബോണസ് പോയിന്റുകള്‍ നല്കുന്ന രീതിക്കെതിരേ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. അതിനാല്‍ ബോണസ്
പോയിന്റുകള്‍ പരിമിതപ്പെടുത്തി വിദ്യാര്‍ഥികളുടെ അക്കാദിമിക നിലവാരത്തിന് കൂടുതല്‍ പരിഗണന കൊടുക്കുന്ന രീതിയില്‍ പ്രവേശന നടപടികള്‍ നടത്തുന്നതിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ജൂലൈ ഒന്നു മുതല്‍ പ്ലസ് വണ്‍ ഏകജാലകം ഓണ്‍ലൈന്‍ അപേക്ഷ ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
Plus one admission:Swimming Points Won’t Be Granted