മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) തങ്ങളുടെ ആദ്യ സൗജന്യ Out of the box തിങ്കിംഗ് കോഴ്സ് ഗണിതത്തിലൂടെ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. ഏകദേശം പത്ത് ലക്ഷത്തോളം സ്കൂൾ,കോളേജ് വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരേയും ലക്ഷ്യമാക്കി അവരുടെ സർഗാത്മക ചിന്തകളെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള കോഴ്സ് ആണിത്.
ഇന്ത്യയിലെ തന്നെ ഈ വിഭാഗത്തിൽപ്പെടുന്ന ആദ്യത്തെ കോഴ്സ് ആയിരിക്കും ഇതെന്നും വരും നാളുകളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒന്നാണിതെന്നും ഐഐടി മദ്രാസ് ഡയറക്ടർ വി.കമകൊട്ടി പുതുതായി തുടങ്ങുന്ന ഈ സംരംഭത്തെപ്പറ്റി പറഞ്ഞു.
കോഴ്സ് പൂർണമായും സൗജന്യമായിരിക്കുമെന്നും ഗ്രാമ പ്രദേശങ്ങളിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ഇത് കൂടുതൽ ഉപകാരപ്രദമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“Out of the box തിങ്കിംഗ്” എന്നാൽ ക്രിയാത്മകമായ രീതിയിൽ പ്രശ്നപരിഹാരം നടത്താനും ഗണിതത്തിലെ അറിയുന്നതും അറിയപ്പെടാത്തതുമായ കാര്യങ്ങളെ കൂടുതൽ താൽപര്യത്തോടുകൂടിയും വിശാലമായ കാഴ്ചപ്പാടിലും സമീപിക്കുന്ന പഠനരീതിയാണ്.
കമകൊട്ടി അഭിപ്രായപ്പെട്ടതു പ്രകാരം പ്രശ്നപരിഹാരത്തിനുള്ള ഒരുപാട് സാധ്യതകൾ ഈ കോഴ്സ് തുറന്നിടുന്നു. “സാങ്കേതികവിദ്യകളുടെ ഈ കാലത്ത് ഈ കോഴ്സ് വളരെയേറെ പ്രാധാന്യമർഹിക്കുന്നു”.
ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും ഈ കോഴ്സ് ഇപ്പോൾ ലഭ്യമാണ്. നാല് ഗ്രേഡുകളിലായുള്ള ഈ കോഴ്സ് വിദ്യാർഥികൾക്കും പ്രൊഫഷണൽസിനും ഗവേഷകർക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്നതാണ്.
ആര്യാഭട്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസിൻ്റെ സ്ഥാപകനായ സദാഗോപൻ രാജേഷ് ആണ് കോഴ്സുകൾ പഠിപ്പിക്കുന്നത്.
ആദ്യ ബാച്ചിൻ്റെ ക്ലാസുകൾ ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്നതാണ്. രജിസ്ട്രേഷൻ ജൂൺ 24 ന് അവസാനിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.