തിരുവനന്തപുരം: സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷയില്‍ 78.26 ശതമാനം വിജയം(Kerala vhse results 2022) . ദേശീയ നൈപുണ്യ യോഗ്യതാ മാനദണ്ഡം അനുസരിച്ചു പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചാണ് ഈ വര്‍ഷം പുറത്തിറങ്ങിയത്. വിഎച്ച്എസ്ഇ വിഭാഗത്തില്‍ 29711 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 23251 പേരാണ് വിജയിച്ചത്. പ്രൈവറ്റായി പരീക്ഷ എഴുതിയത് 1299 പേരാണ് ഇതില്‍ 560 പേര് വിജയിച്ചു. വിജയശതമാനം 43.11.
കേരള പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ 261 സര്‍ക്കാര്‍ സ്കൂളുകളും 128 എയ്ഡഡ് സ്കൂളുകളുമാണ് വിഎച്ച് എസ് ഇ വിഭാഗത്തിലുള്ളത്. ഇതില്‍ സര്‍ക്കാര്‍ സ്കൂളുകളിലാണ് ദൈശീയ നൈപൂണ്യ യോഗ്യതാ മാനദണ്ഡം അനുസരിച്ച് പരീക്ഷ നടത്തിയത്. കണ്ടിന്യൂസ് ഇവാല്യുവേഷന് ആന്‍ഡ് ഗ്രേഡിങ്(എന്‍എസ്ക്യുഎഫ്) സ്കീം റെഗുലര്‍ ആന്‍ഡ് പ്രൈവറ്റ്, കണ്ടിന്യൂസ് ഇവാല്യുവേഷന് ആന്‍ഡ് ഗ്രേഡിങ് (റിവൈസ്ഡ് കം മോഡ്യുലാര്‍) സ്കീം (പ്രൈവറ്റ്), കണ്ടിന്യൂസ് ഇവാല്യുവേഷന് ആന്‍ഡ് ഗ്രേഡിങ് റിവൈസ്ഡ് സ്കീം(പ്രൈവറ്റ്) എന്നീ സ്കീമുകളിലും പരീക്ഷ നടത്തി. ആകെ ഒന്‍പത് പോയിന്റ് സ്കെയിലിങ്ങിലുള്ള മൂല്യ നിര്‍ണയരീതിയില്‍ പാര്‍ട്ട് ഒന്നിലും രണ്ടിലും വിജയിച്ചവര്‍ക്ക് ട്രേഡ് സര്‍ട്ടിഫിക്കറ്റും സ്കില്‍ സര്‍ഫിക്കറ്റും ലഭിക്കും. ഇവര്‍ക്ക് നേരിട്ടു തൊഴിലിലേക്കു പ്രവേശിക്കാനും അപ്രന്റിഷിപ്പ് ചെയ്യാനും സാധിക്കും. പാര്‍ട്ട് രണ്ടിലും മൂന്നിലും വിജയിച്ചവര്‍ക്ക് ഉപരി പഠനവും നടത്താനാകും.
കൊല്ലം ജില്ലയാണ് വിജയശതമാനത്തില്‍ (87.77) മുന്നില്‍. ഏറ്റവും കുറവ് വിജയശതമാനം കാസര്‍കോഡ് ജില്ലയ്ക്കുമാണ്( 64.97). മുഴുവന്‍ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാര്‍ഥികള്‍ 178 ആണ്. 10 സര്‍ക്കാര്‍ സ്കൂളുകളും 5 എയ്ഡഡ് സ്കൂളുകളും 100 ശതമാനം വിജയം നേടി.സംസ്ഥാനത്തെ നാല് ബധിര- മൂക സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള സ്കൂളുകളില്‍ പ്രത്യേകം നടത്തിയ പരീക്ഷയില്‍ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.ഫോര്‍ ഡെഫ് ജഗതി, സി.എസ്.ഐ. വി.എച്ച്.എസ്.എസ്. ഫോര്‍ ഡെഫ് തിരുവല്ല, കുന്നംകുളം ഗവ. ഡെഫ് വി.എച്ച്.എസ്.എസ്, ഒറ്റപ്പാലം ഗവ. വി.എച്ച്.എസ്.എസ്. ഫോര്‍ ഡെഫ് എന്നീ സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് 100 ശതമാനം വിജയം നേടിയത്.
പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷിക്കാന്‍ www.vhsems.kerala.gov.in എന്ന വെബ്സൈറ്റിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ചശേഷം ഫീസും ഇന്റര്‍നെറ്റില്‍ നിന്നു ലഭിക്കുന്ന മാര്‍ക്ക ലിസ്റ്റിന്റെ പകര്പ്പുമടക്കം അവരവരുടെ സ്കൂളുകളില്‍ സമര്‍പ്പിക്കുക.ഒന്നിലധികം വിഷയങ്ങള്‍ക്ക് ഒരു അപേക്ഷാഫോറം മതിയാകും. അവസാന തിയതി ജൂണ്‍ 27. ഇരട്ട മൂല്യനിര്‍ണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് സൂക്ഷ്മ പരിശോധന, പുനര്‍ മൂല്യനിര്‍ണയം എന്നിവയ്ക്ക് അപേക്ഷിക്കാനാവില്ല. പുനര്‍ മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപയുമാണ് ഫീസ്. പുനര്‍മൂല്യനിര്‍ണയം നടത്തി ഫലം ജൂലൈയില്‍ പ്രസിദ്ധീകരിക്കും.
പരീക്ഷയില്‍ യോഗ്യത നേടാനാകാത്തതോ ഹാജരാകാന്‍ കഴിയാത്തതോ ആയ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും സേ പരീക്ഷ എഴുതാനുള്ള അവസരമുണ്ട്. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് ഇംപ്ലൂവ്മെന്റ് ചെയ്യാനും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും.
Kerala vhse results 2022