പോലീസ്,പബ്ലിക് ട്രാൻസ്പോർട്ട്, ആംബുലൻസ് എന്നിങ്ങനെ പൊതുസേവനത്തിനായുള്ള വാഹനങ്ങളുടെ രൂപവും നിറവുമെല്ലാം പലയിടങ്ങളിലും വ്യത്യസ്തമാണ്. എന്നാൽ അഗ്നിശമനസേനാ വാഹനങ്ങൾ ലോകത്തെല്ലായിടത്തും ചുവപ്പുനിറത്തിലാണ്.(why fire engines painted red)
ചുവപ്പുനിറം വേഗം ശ്രദ്ധയാകർഷിക്കുന്ന നിറമായതു കൊണ്ടാണ് ഫയർ എൻജിനുകളിൽ ചുവപ്പു നിറം അടിക്കുന്നതെന്നാണ് ഇതിനു പൊതുവായി പറഞ്ഞു കേൾക്കാനുള്ള വിശദീകരണം.
എന്നാൽ, ചുവപ്പിനെക്കാൾ ശ്രദ്ധയാകർഷിക്കുന്ന നിറങ്ങൾ വേറെയുമുണ്ട്.അതുകൊണ്ടാണ് വിദേശരാജ്യങ്ങളിൽ പൊലീസ് വാഹനങ്ങളിൽ പച്ചയും നീലയും നിറങ്ങളടിക്കുന്നത്.മാത്രമല്ല ചുവപ്പു നിറത്തിലുള്ള വാഹനങ്ങൾ നിരത്തിൽ ധാരാളമുണ്ടുതാനും. മുഴങ്ങിക്കേൾക്കുന്ന സൈറൺ ഉള്ളപ്പോൾ വാഹനത്തിന്റെ നിറം എന്തായാലെന്ത്?പിന്നെ എന്താണ് അഗ്നിശമനസേനാ വാഹനങ്ങളുടെ ചുവപ്പുനിറത്തിന് കാരണം?
രണ്ടു സാധ്യതകളാണ് ചരിത്രകാരന്മാർ അഗ്നിശമനസേനാ വാഹനങ്ങൾ ചുവപ്പുനിറത്തിലാകാനുള്ള കാരണമായ് അവതരിപ്പിക്കുന്നത്.ആദ്യത്തെ വിശദീകരണത്തിനായി മോട്ടോർ വാഹനങ്ങൾ കണ്ടുപിടിക്കുന്നതിനു മുൻപുള്ള കാലഘട്ടത്തിലേയ്ക്ക് പോകേണ്ടിവരും.തീയണയ്ക്കാനുള്ള സംവിധാനങ്ങൾ പണ്ടുകാലത്ത് കുതിരയെ കെട്ടിയ വണ്ടിയിലായിരുന്നു സജ്ജീകരിച്ചിരുന്നത്. കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന കുതിരവണ്ടികളാണ് ഇതിനായി വാങ്ങിയിരുന്നത്.അന്ന് ചുവപ്പു നിറത്തിലുള്ള പെയിന്റിന് വിലക്കുറവായതു കൊണ്ടും, മണ്ണും പൊടിയും പറ്റിയാലും എടുത്തറിയില്ലെന്നതുകൊണ്ടും ഈ വണ്ടികളിൽ ചുവപ്പുനിറം അടിച്ചിരുന്നു.
പിന്നീട് കുതിരവണ്ടികൾ മാറി മോട്ടോർ വാഹനങ്ങൾ വന്നപ്പോഴും അഗ്നിശമനസേനാ വാഹനങ്ങളിൽ ഈ പതിവു തുടർന്നു.
ഫോർഡ് കാർ കമ്പനിയുടെ സ്ഥാപകനും മോട്ടോർവാഹന വിപ്ലവത്തിന്റെ ഉപജ്ഞാതാവുമായ ഹെൻട്രി ഫോർഡുമായ് ബന്ധപ്പെട്ട മറ്റൊരു സാധ്യതയും ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ അമേരിക്കൻ റോഡുകളെ അടക്കി ഭരിച്ചിരുന്നത് ഫോർഡിന്റെ മോഡൽ ടി കാറായിരുന്നു. ആദ്യകാലത്ത് കറുപ്പുനിറത്തിൽ മാത്രമേ ഈ കാർ ഇറങ്ങിയിരുന്നുള്ളു. അഗ്നിശമനസേനയും മോഡൽ ടി കാറാണ് ഉപയോഗിച്ചിരുന്നത്. നിരത്തിലുള്ള സ്വകാര്യ വാഹനങ്ങളിൽ നിന്നും വേറിട്ടു നിൽക്കാനായാണ് അഗ്നിശമനസേനാവാഹനങ്ങൾ ചുവപ്പുനിറം സ്വീകരിച്ചതെന്നും പറയപ്പെടുന്നു.
എന്തായാലും ചുവപ്പിന് കൽപ്പിക്കപ്പെടുന്ന അർത്ഥം അത്യാഹിതം/ അടിയന്തരാവശ്യം എന്നിങ്ങനെയൊക്കെയാണല്ലോ. കാരണമെന്തായാലും അഗ്നിശമനസേനാ വാഹനങ്ങൾക്ക് ചുവപ്പു നിറം തന്നെ നൽകുന്നത് അതുകൊണ്ടുതന്നെയായിരിക്കാം.
പൊതുവേ അഗ്നിശമനസേനാവാഹനങ്ങളെയെല്ലാം ഫയർഎൻജിൻ എന്നാണ് പറയുന്നതെങ്കിലും തീയണയ്ക്കാനുള്ള വെള്ളം കൊണ്ടുപോകുന്ന വലിയ ലോറിയെയാണ് യഥാർത്ഥത്തിൽ ഫയർഎൻജിൻ എന്ന് പറയുന്നത്. തീയണയ്ക്കാനുള്ള മറ്റ് സംവിധാനങ്ങളും ഉപകരണങ്ങളും വഹിക്കുന്ന വാഹനത്തിന് ഫയർ ട്രക്ക് എന്നാണ് പേര്.