Sunday, July 3, 2022

ഫറവോയുടെ ശാപം; ശവകുടീരങ്ങൾ തുറക്കുന്നവരെ പിന്തുടരുന്ന ദൗർഭാഗ്യങ്ങൾക്ക് പിന്നിലെ സത്യം.

Date:

ഈജിപ്ഷ്യൻ സംസ്കാരത്തെക്കുറിച്ചും പിരമിഡുകളെക്കുറിച്ചുമെല്ലാം നമ്മളിൽ പലരും ആദ്യമായി അറിഞ്ഞിരിക്കുക ബാലമാസികകളിലെ മമ്മികളെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന കഥകൾ വായിച്ചായിരിക്കും. നോവലുകളിലൂടെയും സിനിമകളിലൂടെയും കാർട്ടൂണുകളിലൂടെയുമെല്ലാം സഹസ്രാബ്ദങ്ങൾക്കു മുൻപ് മരിച്ച് ഇനിയും മണ്ണടിഞ്ഞിട്ടില്ലാത്ത ചക്രവർത്തിമാർ നമ്മെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

Scene from mummy (1999)
1999 ൽ പുറത്തിറങ്ങിയ ‘the mummy’ സിനിമയിലെ ഒരു രംഗം

ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ ആത്മാവ് കുടികൊള്ളുന്ന വിഗ്രഹങ്ങളാണ് ഓരോ പിരമിഡുകളും.ചക്രങ്ങളുള്ള വാഹനങ്ങളോ ഇരുമ്പായുധങ്ങളോ ഉപയോഗിക്കാതെയാണ് ഈ മഹാ സൗധങ്ങൾ അവർ കെട്ടിപ്പൊക്കിയത്. ഫറവോ ചക്രവർത്തിയോടൊപ്പം പ്രാചീന ഈജിപ്ഷ്യൻ ജനതയുടെ നിർമ്മാണ പാടവവും ഗണിതശാസ്ത്ര പ്രാവീണ്യവും പ്രവർത്തനക്ഷമതയും ഈ ശവകുടീരങ്ങളിൽ അന്ത്യവിശ്രമം കൊള്ളുന്നു.

Pyramids
പിരമിഡുകൾ

മനുഷ്യ ചരിത്രത്തിന്റെ ഈ മഹാത്ഭുതം തേടിച്ചെന്നവരെയെല്ലാം പിന്തുടർന്ന ദൗർഭാഗ്യങ്ങളുടെ കഥകൾ പിരമിഡുകളോളം തന്നെ പ്രശസ്തമാണ്.അതിൽ പ്രധാനം ചരിത്രത്തിൽ  കുട്ടിരാജാവ് (boy king ) എന്നു വിശേഷിപ്പിക്കപ്പെട്ട തൂത്തൻഖാമൻ എന്ന ഒമ്പതുവയസിൽ അധികാരമേറ്റ ഫറവോയുടെ കല്ലറ തുറന്ന ഹവാർഡ് കാർട്ടർ (Howard Carter) എന്ന് ബ്രിട്ടീഷ് പുരാവസ്തു ഗവേഷകൻ നേതൃത്വം നൽകിയ ഗവേഷക സംഘത്തിന്റെ കഥയാണ് (king tut’s curse).ഈ ഗവേഷക സംഘത്തിൽപ്പെട്ടവരിൽ അഞ്ചുപേർ ഫറവോയുടെ ശവകുടീരം തുറന്നതിനു തൊട്ടടുത്ത വർഷങ്ങളിൽത്തന്നെ മരണപ്പെടുകയുണ്ടായി.

Howard carter
ഹവാർഡ് കാർട്ടർ

മരണങ്ങളിൽ ആദ്യത്തേത് ഈ ഗവേഷണത്തിനു ധനസഹായം നൽകിയ ബ്രിട്ടീഷ് കാർണവോൺ പ്രഭുവിന്റേതായിരുന്നു (George Herbert, 5th Earl of Carnarvon).കവിളിൽ കൊതുകു കടിച്ച ഭാഗത്ത് ഷേവ് ചെയ്തപ്പോൾ മുറിഞ്ഞ് അണുബാധയുണ്ടായാണ് അദ്ദേഹം മരണപ്പെട്ടത്.കാർണവോൺ പ്രഭു മരണപ്പെട്ട് ആറു മാസങ്ങൾക്കു ശേഷം തൂത്തൻഖാമന്റെ ശരീരം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ മൃതദേഹത്തിന്റെ കവിൾ ഭാഗം അഴുകാതെ ഇരുന്നത് റിപ്പോർട്ട് ചെയ്തു.

ഗവേഷക സംഘത്തിന്റെ തലവൻ ഹവാർഡ് കാർട്ടർ കല്ലറ തുറന്ന ദിവസം എന്തോ ആവശ്യത്തിനായി അദ്ദേഹത്തിന്റെ സഹായിയെ വീട്ടിലേക്കയച്ചു. വീട്ടിലെത്തിയ സഹായി കണ്ടത് കാർട്ടർ വളർത്തിയിരുന്ന കുരുവിയെ കടിച്ചുപിടിച്ചുകൊണ്ട് അതിന്റെ കൂട്ടിൽ പിണഞ്ഞുകിടന്നിരുന്ന സർപ്പത്തെയായിരുന്നു. ഫറവോമാർ പരമ്പരാഗതമായി സർപ്പങ്ങളെ തങ്ങളുടെ സംരക്ഷകരായി വിശ്വസിച്ച് സർപ്പരൂപമുള്ള കിരീടങ്ങൾ അറിഞ്ഞിരുന്നു.മുകളിൽ കൊടുത്തിരിക്കുന്ന തൂത്തൻഖാമന്റെ ശവശരീരത്തിന്റെ മുഖംമൂടിയിലും തലയിൽ ധരിച്ചിരിക്കുന്ന സർപ്പകിരീടത്തെക്കാണാം.

King tut's mask
തൂത്തൻഖാമന്റെ മുഖംമൂടി

കാർട്ടർ തന്റെ സുഹൃത്തായ ബ്രൂസ് ഇന്ഗ്രാമിന് മമ്മിയുടെ കൈപ്പത്തി സമ്മാനമായി നൽകി.ആ കൈപ്പത്തിയിലുണ്ടായിരുന്ന വണ്ടിന്റെ മുദ്രയുള്ള ബ്രേസ്‌ലേറ്റിൽ ഇങ്ങനെ എഴുതിയിരുന്നു “എന്റെ ശരീരം ചലിപ്പിക്കുന്നവൻ ശപിക്കപ്പെട്ടവൻ, അഗ്നിയും ജലവും വ്യാധിയും അവനെ പിന്തുടരും” ഈ സമ്മാനം ലഭിച്ച കുറച്ചു നാളുകൾക്കു ശേഷം ഇന്ഗ്രാമിന്റെ വീടിന് അഗ്നിബാധയേൽക്കുകയുണ്ടായി.വീട് പുതുക്കിപ്പണിഞ്ഞപ്പോൾ വെള്ളപ്പൊക്കവും വന്നു.

ഷെർലക് ഹോംസ് നോവലുകളുടെ സൃഷ്ടാവായ സർ ആർതർ കോനൻ ഡോയൽ ആയിരുന്നു ഫറവോയുടെ ശാപത്തിന്റെ (King tut’s curse) കഥകളുടെ മുഖ്യ പ്രചാരകൻ.ഫറവോയുടെ വൈദികർ കൊള്ളക്കാരെ തുരത്താനായി ഉപയോഗിച്ച മന്ത്രവിദ്യയാണ് അനിഷ്ട സംഭവങ്ങളുടെ കാരണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അന്ധവിശ്വാസിയായ ഇറ്റാലിയൻ ഫാസിസ്റ്റ് ഭരണാധികാരി ബെനീറ്റോ മൂസലീനി തനിക്ക് സമ്മാനമായി ലഭിച്ച ഈജിപ്ഷ്യൻ മമ്മി ഇത്തരം വാർത്തകൾ കേട്ട് തിരിച്ചയക്കുകയുണ്ടായി.

Sir arthur conan doyle
സർ ആർതർ കോനൻ ഡോയൽ
Benito Mussolini
ബെനീറ്റോ മൂസലീനി

മുകളിൽ പറഞ്ഞ സംഭവങ്ങളുടെയെല്ലാം ഉറവിടം അന്വേഷിച്ചു പോകുമ്പോഴാണ് അവയുടെ അവിശ്വസനീയത വെളിവാകുന്നത്.ഇവയെല്ലാം തന്നെ ആരുടെയോ അനുഭവങ്ങൾ മറ്റാരോ പറഞ്ഞതോ കേട്ടുകേൾവികളോ ആണ്.ഇതിനൊന്നും വ്യക്തമായ തെളിവുകളില്ല.കാർണവോൺ പ്രഭുവിന്റെ മരണത്തിലെ അസ്വാഭാവികതയാണല്ലോ ശാപത്തിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിമരുന്നിട്ടത്. ഇപ്പോൾ വിചിത്രമെന്ന് തോന്നാമെങ്കിലും അക്കാലത്ത് അണുബാധയേറ്റുള്ള ഇത്തരം മരണങ്ങൾ അപൂർവ്വമായിരുന്നില്ല. കുട്ടിരാജാവിന്റെ കല്ലറ സ്വന്തം കൈ കൊണ്ട് തുറന്ന പര്യവേഷണ സംഘത്തിന്റെ തലവൻ ഹവാർഡ് കാർട്ടർ, ശവകുടീരം തുറന്നതിനു ശേഷം ഏഴ് വർഷത്തോളം അതിന് കാവൽ നിന്ന സർജന്റ് റിച്ചാർഡ് ആഡംസൺ,

ഇങ്ങനെ അന്വേഷണസംഘത്തിലെ മിക്കയാളുകളും മരിച്ചത് എഴുപത് വയസ്സിനു ശേഷമാണ്.ഫറവോയുടെ കല്ലട തുടർന്നതിന് തൊട്ടടുത്ത വർഷങ്ങളിൽ മരിച്ചവർ പോലും വാർദ്ധക്യത്തിലെത്തിയവരായിരുന്നു .

യഥാർത്ഥത്തിൽ ആദ്യകാലത്ത് ഇത്തരം ആശങ്കൾക്ക് പ്രോത്സാഹനം നൽകിയത് ഈ പര്യവേക്ഷണ സംഘം തന്നെയായിരുന്നു.പുരാവസ്തു ഗവേഷണത്തിലെ ഒരു സുപ്രധാന കണ്ടുപിടിത്തമായിരുന്നു തൂത്തൻഖാമന്റെ ശവകുടീരം. ഇതിൽ ജനശ്രദ്ധ നിലനിർത്തുന്നതിനാണ് ഇത്തരമൊരു വിദ്യ അവർ പ്രയോഗിച്ചത്. ശവകുടീരത്തിലെ സമ്പത്തു മോഹിച്ച് അതിക്രമിച്ചു നടക്കാനിടയുള്ള മോഷ്ടാക്കളെ ഭയപ്പെടുത്തുക എന്നൊരു ലക്ഷ്യവും ഇതിനുണ്ടായിരുന്നു.

Tomb of king tut
തൂത്തൻഖാമന്റെ അന്ത്യവിശ്രമസ്ഥാനം

പ്രശസ്തമായ ഏതൊരു ശവകുടീരത്തിനു പിന്നിലും ഇത്തരമൊരു “ശാപ”ത്തിന്റെ കഥ യൂറോപ്പിൽ പണ്ടുകാലം മുതൽക്കേ പറഞ്ഞു കേൾക്കാറുണ്ട്.അക്കാലത്ത് അറിയപ്പെടുന്നവരുടെ കല്ലറകളും ശവകുടീരങ്ങളും വെട്ടിത്തുറന്ന് ഭൗതികാവശിഷ്ടങ്ങൾ മോഷ്ടിക്കുന്ന സംഭവങ്ങൾ അസാധാരണമായിരുന്നില്ല. ഇത്തരക്കാരെ ഭയപ്പെടുത്തിയകറ്റുവാനായിരിക്കണം ഇങ്ങനെയുള്ള കഥകൾ മെനഞ്ഞെടുത്തിട്ടുണ്ടാവുക.

” ഈ കല്ലുകളെ വെറുതെ വിടുന്നവൻ അനുഗൃഹീതൻ

എന്റെ എല്ലുകളെടുക്കുന്നവൻ ശാപഗ്രസ്ഥൻ”-

Blessed be the man that spares these stones,

and cursed be he that moves my bones”

തന്റെ പ്രശസ്തി മരണാനന്തര വിശ്രമത്തിനു വിഘാതമാകുമോ എന്ന് ഭയന്ന് സാക്ഷാൽ വില്യം ഷേക്സ്പിയർ സ്വന്തം കുഴിമാടത്തിലെ സ്മാരകശിലയിൽ എഴുതുവാനായി തയ്യാറാക്കിയ വരികളാണിത്.

William Shakespeare
വില്യം ഷേക്സ്പിയർ

മുകളിൽപ്പറഞ്ഞ കല്ലറക്കൊള്ളകൾ തടയുന്നതിനായി സ്വീകരിച്ചിരുന്ന ഒരു സംവിധാനത്തിന്റെ ചിത്രമാണ് ചുവടെ,

Anti grave robbing measurement

ദുർമരണപ്പെട്ടവർ രക്തരക്ഷസ്സായി തിരിച്ചു വരാതിരിക്കാനുള്ള മുൻകരുതലായി ഇവയെ അവതരിപ്പിക്കുന്ന പോസ്റ്റുകൾ ഈയിടെ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു.

പഴയ യുക്തി തന്നെ പുതിയ കാലത്തിലും പ്രവർത്തിക്കുന്നതിന്റെ ദൃഷ്ടാന്തമാണിത്.  മഹത്തായവയിൽ മാത്രമല്ല അസ്വാഭാവികമായവയിൽക്കൂടി അതീതശക്തികളുടെ പരിവേഷം ചാർത്തിക്കൊടുക്കുവാനുള്ള മനുഷ്യന്റെ സഹജവാസന തന്നെയാണ് ശവകുടീരത്തിലെ ശാപത്തിന്റെ കഥപോലെ ഇവിടെയും പ്രവർത്തിക്കുന്നത്.

തൂത്തൻഖാമൻ ഫാറവോയുടെ ശവകുടീരത്തെക്കുറിച്ചും അതിൽ നിന്ന് ലഭിച്ച നിധിശേഖരത്തെക്കുറിച്ചും വിശദീകരിക്കുന്ന നാഷണൽ ജ്യോഗ്രഫിക്കിന്റെ ഡോക്യുമെന്ററി കാണാം:Click Here.

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...