സോഷ്യല്‍ മീഡിയ നമ്മുടെയെല്ലാവരുടെയും ജീവിതത്തിന്റെ വലിയൊരു ഭാഗമായിക്കഴിഞ്ഞു. സൗഹൃദം പങ്കുവയ്ക്കുക എന്ന ആശയത്തിനുമപ്പുറം ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്ന വലിയൊരു ഘടകമായി അതു വളര്‍ന്നുകഴിഞ്ഞു (Make Money Thorugh Social Media).
ഇപ്പോള്‍ നമ്മുടെ ജിവിതത്തില്‍ നവമാധ്യമങ്ങള്‍ ഉപയോഗിക്കാതെ ഒരു ദിവസംപോലുമുണ്ടാകില്ല. കേവലം കാഴ്ചക്കാര്‍ എന്നതിനുമപ്പുറം നവമാധ്യമങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി അധിക വരുമാനം കണ്ടെത്തുന്നതിനേക്കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെ കഴിവുകളും ഹോബികളുമൊക്കെ വരുമാനമാര്‍ഗമാക്കി മാറ്റാന്‍ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിയില്ലേ? തീര്‍ച്ചയായും കഴിയും.
ലോകത്താകമാനം നിരവധിപേരാണ് നവമാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തി യാതൊരു പണച്ചെലവും കൂടാതെ തങ്ങളുടെ കഴിവുകളും ഹോബികളുമൊക്കെ വരുമാനമാർഗമാക്കി മാറ്റുന്നത്.
നിങ്ങള്‍ക്ക് കുറച്ചു സമയമെങ്കിലും ഹോബികള്ക്കുവേണ്ടി മാറ്റിവയ്ക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും പരീക്ഷിച്ചുനോക്കാവുന്ന സംഗതിയാണിത്. അതിനുവേണ്ടി പ്രത്യേകിച്ച് മുതല്മുടക്കുകയോ മറ്റു സൗകര്യങ്ങള്‍ കണ്ടെത്തുകയോ ചെയ്യേണ്ടതില്ല. നിങ്ങള്‍ ചെയ്തു വരുന്ന ജോലിയോടൊപ്പം കൊണ്ടുപോകാന്‍ കഴിയുന്ന രീതിയില്‍ സമയം ക്രമീകരിക്കാന്‍ കഴിയണമെന്നേയുള്ളു.
ചിലപ്പോള്‍ ഇത്തരം മേഖലകള്‍ പിന്നീട് മുഖ്യവരുമാന സ്രോതസായി മാറാനും സാധ്യതയുള്ളവയാണ്. അങ്ങനെയുള്ള ചില മേഖലകള്‍ എന്തൊക്കെയാണെന്ന് നോക്കിയാലോ.
ഫോട്ടോഗ്രഫി, വീഡിയോഗ്രഫി
ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവ താത്പര്യമുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വഴി തങ്ങള്‍ എടുത്ത ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കാന്‍ സാധിക്കും . ആവശ്യക്കാര്‍ക്ക് ഇവന്റുകള്‍, മോഡലിംഗ് ഫോട്ടോഗ്രഫി എന്നിവ ചെയ്തുകൊടുക്കാനും സാധിക്കും.
നിങ്ങളുടെ ഫോട്ടോഗ്രഫി അല്ലെങ്കില്‍ വീഡിയോഗ്രഫി ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും നിങ്ങളെതേടി വരും.
ഗാര്‍ഡനിംഗ്
പൂച്ചെടികള്‍ നട്ടുവളര്‍ത്താനും സംരക്ഷിക്കാനും അത് മനോഹരമായി ക്രമീകരിക്കാനും കഴിവുള്ളരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഒരു വരുമാനമാര്‍ഗമാക്കി അതിനെ മാറ്റാന്‍ സാധിക്കും. ലാന്‍ഡ് സ്കേപ്പിംഗും ഇതോടൊപ്പം ചെയ്യാവുന്നതാണ്.
നട്ടുവളര്‍ത്തിയ ചെടികള്‍ വാങ്ങാന്‍ നിരവധി ആവശ്യക്കാര്‍ ഇപ്പോഴുണ്ട്. സോഷ്യല്‍ മീഡിയ വഴി ആവശ്യക്കാരിലേക്ക് വിവരം എത്തിക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്.
റീഡിംഗ്, ബുക്ക് എഡിറ്റിംഗ്
വായന ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ വായിച്ച പുസ്തകങ്ങള്‍ക്ക് റിവ്യൂ എഴുതാന്‍ കഴിയുമോ? കഴിയുമെങ്കില്‍ ഒന്നു ശ്രമിച്ചുനോക്കിയാല്‍ നന്നായിരിക്കും . സോഷ്യല്‍ മീഡിയകളിലൂടെ നിങ്ങളുടെ റിവ്യൂകള്‍ പ്രചരിപ്പിക്കുക. അങ്ങനെ നിങ്ങള്‍ക്ക് ധാരാളം ഫോളോവേഴ്സിനെ നേടാനായാല്‍ തീര്‍ച്ചയായും നിരവധി പ്രാസാധകര്‍ നിങ്ങളെ റിവ്യുവിനായി സമീപിക്കുമെന്നതില്‍ സംശയമില്ല. പ്രതിഫലം നിങ്ങള്‍ക്ക് പുസ്തകങ്ങളായോ പണമായോ നേടാനാകും.
ഭാഷയില്‍ നല്ല അറിവുണ്ടെങ്കില്‍ മറ്റുള്ളവരുടെ കൃതികള്‍ വായിച്ച് തെറ്റുകള്‍ തിരുത്തിക്കൊടുക്കുന്ന ജോലികളും നിങ്ങള്‍ക്ക് ചെയ്യാനാകും. അങ്ങനെയും നിങ്ങള്‍ക്ക് പ്രതിഫലം നേടിയെടുക്കാന്‍ സാധിക്കും.
പെറ്റ് ഷോപ്പ്
ഗാര്‍ഡനിംഗ് പോലെ എന്നാല്‍ അതിനേക്കാള്‍ സാധ്യതയുള്ള മേഖലയാണ് വളര്‍ത്തുമൃഗങ്ങളെ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുക എന്നത്. ഓമനമൃഗങ്ങളെ ബ്രീഡ് ചെയ്യുകയും കുഞ്ഞുങ്ങളെ വില്‍ക്കുകയും ചെയ്യുന്നതിലൂടെ മികച്ച വരുമാനം നേടാന്‍ നിങ്ങള്‍ക്കു സാധിക്കും.
അപൂര്‍വമായ ബ്രീഡുകളെ സംഘടിപ്പിച്ചാല്‍ മോഹവില നല്കി വാങ്ങുവാന്‍ ആളുകളുണ്ട്. വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നതില്‍ വൈദഗ്ധ്യം നേടണമെന്നുമാത്രം. സോഷ്യല്‍മീഡിയയിലൂടെ മൃഗങ്ങളുടെ വിവരങ്ങള്‍ നിങ്ങള്‍ക്ക് ആവശ്യക്കാരിലേക്കെത്തിക്കാന്‍ സാധിക്കും.
സോഷ്യല്‍ മീഡിയ മാനേജ്മെന്റ്
നിങ്ങള്‍ സമയം പോകാന്‍ ചെയ്യുന്ന കാര്യം വരുമാനം കൊണ്ടുവരുന്ന മേഖലയാക്കി മാറ്റിയാലോ. അതെ സോഷ്യല്‍ മീഡിയ മാനേജ്മെന്റ് എന്നാല്‍ അതുതന്നെയാണ്. വിവിധ സ്ഥാപനങ്ങള്‍, അല്ലെങ്കില്‍ സെലബ്രിറ്റികള്‍ എന്നിവര്‍ക്കായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക എന്നതായിരിക്കും നിങ്ങളുടെ ജോലി.
അക്കൗണ്ട് ഉടമയ്ക്കുവേണ്ടി കൃത്യമായി സോഷ്യല്‍ മീഡിയകളിലൂടെ പോസ്റ്റുകളും കമന്റുകളും ഷെയര്‍ ചെയ്യുക, അവരുടെ ജോലികളുടെ കാര്യങ്ങള്‍ കൃത്യമായി അപ്ഡേറ്റു ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി ചെയ്തിരിക്കണം. മികച്ച പ്രതിഫലം ലഭിക്കുന്ന ജോലിയാണിത്.
ഡ്രൈവര്‍
ദീര്‍ഘദൂരം വാഹനം ഓടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ ഈ ഓപ്ഷന് നിങ്ങള്‍ക്ക് പരീക്ഷിച്ചുനോക്കാവുന്നതാണ്. ഡ്രൈവ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ ധാരാളമുണ്ട്. അത്തരക്കാര്‍ക്ക് അവശ്യഘട്ടങ്ങളില്‍ ഡ്രൈവറെ വേണ്ടിവരും. സോഷ്യല്‍ മീഡിയ വഴി നിങ്ങളുടെ താത്പര്യം എല്ലാവരിലേക്കും എത്തിച്ചുനോക്കു. വേണ്ട പ്രതിഫലവും വേണമെങ്കില്‍ സോഷ്യല്‍മീഡിയില്‍ പ്രസിദ്ധപ്പെടുത്താം.
കുറച്ച് ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ നിങ്ങളുമായി പങ്കുവച്ചത്. തീര്ച്ചായായും നിരവധി അവസരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി സ്വയം സൃഷ്ടിക്കാന്‍ നിങ്ങള്‍ക്കാകും. തീര്‍ച്ചയായും ഒരുകൈ നോക്കാന്‍ ശ്രമിക്കുമല്ലോ.
Make Money Thorugh Social Media