പ്രകൃതിദുരന്തങ്ങളും രാഷ്ട്രീയ അസ്ഥിരതകളും കൊണ്ട് സംഭവബഹുലമായിരുന്നു രണ്ടായിരത്തി ഇരുപത്. ഭൂതകാലത്തെക്കുറിച്ചുള്ള വീണ്ടുവിചാരങ്ങളും വർത്തമാനത്തിന്റെ നിസ്സഹായതകളും ഭാവിയെക്കുറിച്ചുള്ള ആശങ്കകകളും എല്ലാവരിലും ഒരുപോലെ മുളപൊട്ടിയ കാലം (Images that marks 2022).
ഒരു ദുസ്വപ്നം പോലെ കടന്നു പോയ ആ വർഷത്തിനെ അടയാളപ്പെടുത്തുന്ന കുറച്ചു ചിത്രങ്ങളും അതിന്റെ പിന്നിലെ കഥകളും പങ്കുവെക്കുകയാണിവിടെ.
ആയിരം വാക്കുകൾക്ക് പകരം നിൽക്കുന്ന ഈ ഓരോ ചിത്രവും ലോകജനത കഴിഞ്ഞ വർഷം കടന്നു പോയ നമുക്ക് അറിയാവുന്നതും നമുക്ക് അജ്ഞാതവുമായ അനേകം അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
ജീവിതത്തിന്റെ ആലിംഗനം (The First Embrace)
ബ്രസീലിലെ സാവോപോളോയിൽ ഒരു വൃദ്ധസദനത്തിലെ അന്തേവാസിയായ റോസാ ലൂസിയ ലൂണാർഡി എന്ന വൃദ്ധ മാസങ്ങൾക്കുശേഷം ഒരു മനുഷ്യനെ സ്പർശിക്കുന്നതാണ് ചിത്രത്തിൽ.
കോവിഡ് രോഗവ്യാപനം രൂക്ഷമായതോടുകൂടി ക്വാറന്റൈനിൽ പെട്ടുപോയ ഇവർ the hug curtain എന്ന കോവിഡ് സംരക്ഷണ കവചം അണിഞ്ഞിരിക്കുന്ന നേഴ്സ് അഡ്രിയാന സിൽവ ഡികോസ്റ്റയെ ആലിംഗനം ചെയ്യുന്ന ഈ ചിത്രം ഫോട്ടോഗ്രാഫർ മാഡ്സ് നീസന് (mads nissen) വേൾഡ് പ്രസ്സ് ഫോട്ടോ ഓഫ് ദ ഇയർ അവാർഡ് നേടിക്കൊടുത്തു.
ആയുധങ്ങൾക്കിടയിലെ അനാഥബാല്യം (Almajiri Boy)
കരിക്കട്ടകൊണ്ട് ചുമരിൽ വരച്ച റോക്കറ്റ് ലോഞ്ചറുകളുടെ ചിത്രങ്ങൾക്കിടയിലൂടെ നടന്നുനീങ്ങുന്ന ഈ അനാഥ ബാലന്റെ ചിത്രം ചാഡ് (chad)എന്ന ആഫ്രിക്കൻ രാജ്യത്തുനിന്നാണ്.
മറ്റു പല ആഫ്രിക്കൻ രാജ്യങ്ങളെയുമെന്നപോലെ കഠിനമായ മരുവൽക്കരണത്തിന്റെ (desertification) ഭീഷണിയിലാണ് ഇവിടവും. ജലദൗർലഭ്യം സംഘർഷങ്ങൾക്ക് വഴി വയ്ക്കുന്നതും ഇവിടെ സാധാരണയാണ്.
തീവ്രവാദ സംഘടനയായ ബൊക്കോ ഹറം ഈ ദുരവസ്ഥയെ ചൂഷണം ചെയ്യുകയും ഗ്രാമീണരെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നു. ഇവിടെ കുട്ടികളുടെ ഭാവനയിൽ പോലും മാരകായുധങ്ങളേ പ്രത്യക്ഷപ്പെടുന്നുള്ളൂ.
ആഫ്രിക്കൻ ബാല്യത്തിന്റെ അരക്ഷിതാവസ്ഥയുടെ ഈ ചിത്രം പകർത്തിയത് ഇറ്റാലിയൻ ഫോട്ടോഗ്രാഫറായ മാർക്കോ ഗുലാസീനി (Marco Gualazzini) ആണ്.
പലായനത്തിനു മുമ്പ് (A girl in her destroyed home)
മുകളിലെ ചിത്രത്തിലെ അതേ വികാരം പ്രതിഫലിപ്പിക്കുന്ന മറ്റൊരു ഫോട്ടോയാണിത്. ഫാത്തിമ ഷബൈർ പകർത്തിയ ഈ ചിത്രം പലസ്തീനിലെ ഗാസയിലെ ഇസ്രായേൽ ബോംബിംഗിന്റെ ബാക്കിപത്രമാണ് കാണിച്ചുതരുന്നത്. കയ്യിൽ പാവയുമായി തന്റെ കിടക്കയ്ക്കരികിൽ തകർന്നുപോയ ചുമരിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന ഈ ബാലിക പലസ്തീൻ ജനതയുടെ തന്നെ പ്രതീകമാണ്.
നഷ്ടപ്പെടലിന്റെ മുഖം (Residents evacuate an island hit by wildfires)
കേരളത്തിൽ മാത്രമല്ല ലോകത്തിന്റെ മറ്റ് പല മൂലകളിലും പ്രകൃതി ദുരന്തങ്ങൾ നാശം വിതച്ചിരുന്നു. മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം ഗ്രീക്ക് ദ്വീപായ എവിയ (evia)യിൽ നിന്നുള്ളതാണ്.
കഴിഞ്ഞവർഷം ആഗസ്റ്റ് എട്ടിന് ഇവിടെ പടർന്നുപിടിച്ച കാട്ടുതീ റിപ്പോർട്ട് ചെയ്യാനെത്തിയ ഗ്രീക്ക് ഫോട്ടോഗ്രാഫർ കോൺസ്റ്റാന്റിനോസ് സാകാലിദിസ് (Konstantinos Tsakalidis) ആണ് കാട്ടുതീയിൽ നിന്ന് തന്റെ നേർക്ക് നടന്നുവരുന്ന ഈ വൃദ്ധയുടെ ചിത്രം പകർത്തിയത്. ഭർത്താവിനെ തിരഞ്ഞുകൊണ്ട് അഗ്നി പടർന്നടുക്കുന്ന ഇരുപതു വർഷം കൊണ്ടു കെട്ടിപ്പൊക്കിയ വീടുപേക്ഷിച്ച് തെരുവിലേക്കിറങ്ങിയ ഈ സ്ത്രീയുടെ മുഖത്ത് നിഴലിക്കുന്ന ഭാവം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാവുന്നതല്ല.
ക്ഷാമത്തിന്റെ ചിറകുകൾ (Fighting Locust Invasion in East Africa)
കൂട്ടമായി പറന്നു വന്ന് കൃഷിയിടങ്ങളെയും പുൽമേടുകളെയും തിന്നു നശിപ്പിക്കുന്ന വെട്ടുകിളികൾ (locusts)ആണ് ചിത്രത്തിൽ.
ഈ ചെറുപ്രാണികൾക്ക് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെത്തന്നെ തകിടം മറിക്കാനുള്ള ശേഷിയുണ്ട്. ബൈബിളിൽ ദുഷ്ടനായ ഫറവോയെ ശിക്ഷിക്കാനായി യഹോവ തുറന്നുവിടുന്ന പ്രാണികളാണിവ.
കിഴക്കനാഫ്രിക്ക മുഴുവൻ 2020ൽ വെട്ടുകിളികളുടെ അധിനിവേശത്തിൽ അമർന്നിരുന്നു. തന്റെ കൃഷിയിടം നശിപ്പിക്കുന്ന വെട്ടുകിളികളെ തുരത്തുവാനായി വിഫലശ്രമം നടത്തുന്ന കെനിയൻ കർഷകനാണ് ചിത്രത്തിൽ. വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിന്റെ ലൂയിസ് ടാറ്റോ (Luis Tato) ആണ് ഈ ചിത്രം പകർത്തിയത്.
വിശദമായ റിപ്പോർട്ടുകളെക്കാൾ വാചാലമാകുന്ന ഈ ചിത്രങ്ങൾ കഴിഞ്ഞവർഷത്തെ വിവിധ ഫോട്ടോ ജേർണലിസ്റ്റ് അവാർഡുകൾക്ക് അർഹമായിട്ടുണ്ട്. ദുരന്തങ്ങളുടെ ഓർമ്മപ്പെടുത്തലായല്ല, അതിജീവനത്തിന്റെ സ്മാരകങ്ങളായാണ് ഇവയെ കാണേണ്ടത്.
Images That Marks 2022
ഇവകൂടി വായിക്കുക:
ഫറവോയുടെ ശാപം; ശവകുടീരങ്ങൾ തുറക്കുന്നവരെ പിന്തുടരുന്ന ദൗർഭാഗ്യങ്ങൾക്ക് പിന്നിലെ സത്യം.