തിരുവനന്തപുരം: എട്ടാം ക്ലാസ്സ് വിദ്യാത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സിൻ്റെ ഭാഗമാകാൻ ഇതാ ഒരു സുവർണ്ണാവസരം.ഇന്ത്യയിൽ കുട്ടികൾക്കായി രൂപം കൊണ്ട ഐടി മേഖലയിലെ എറ്റവും വലിയ പദ്ധതികളിൽ ഒന്നായ ലിറ്റിൽ കൈറ്റ്സ് ഇപ്പോൾ സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിലെ കുട്ടികളെ അവരുടെ ക്ലബിലേക്ക് ക്ഷണിക്കുകയാണ്.
അഭിരുചി പരീക്ഷയിലൂടെ ആണ് തിരഞ്ഞെടുപ്പ്.ജൂൺ 21 വരെ അപേക്ഷിക്കാം. ഓരോ സ്കൂളിലേയും ക്ലബുകളിലേക്ക് തിരഞ്ഞെടുക്കുന്നതിൻ്റെ ഭാഗമായാണ് ജൂലൈ 2 ന് അഭിരുചി പരീക്ഷ നടത്താൻ തീരുമാനിച്ചത്. അപേക്ഷാ ഫോം സ്കൂളുകളിൽ നിന്നും ലഭിക്കുന്നതാണ്. കുട്ടികൾ അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രഥമാധ്യാപകർക്കാണ് നൽകേണ്ടത്.
5,6,7 ക്ലാസ്സുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം, ലോജിക്കൽ പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ നിന്നുമാണ് അരമണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ചോദ്യങ്ങൾ ഉണ്ടാവുക. അഭിരുചി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 23, 24, 25 തീയതികളിലായി കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി പ്രത്യേക പരിപാടി സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും എന്ന് കൈറ്റ് സി. ഇ. ഒ. കെ. അൻവർ സാദത്ത് അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, മലയാളം കമ്പ്യൂട്ടിംഗ്, റോബോട്ടിക്സ്, പ്രോഗ്രാമിംഗ് ,സൈബർ സുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളിൽ പരിശീലനം ലഭിക്കുന്നതാണ്. കൂടാതെ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കും ലഭിക്കുന്നതാണ്. ലിറ്റിൽ കൈറ്റ്സ് ഇതുവരെ 2.89 ലക്ഷം കുട്ടികൾക്ക് ഐടി മേഖലയിലെ നൈപുണ്യം വികസിപ്പിക്കുന്നതിനു വേണ്ടി മികച്ച സേവനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് കൈറ്റിന്റെ ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കാം www.kite.kerala.gov.in